News >> ''ഉപഭോഗതൃഷ്ണ ആത്മാവിനെ കൊല്ലുന്നു'': പാപ്പായുടെ ത്രികാലജപസന്ദേശം


Source: Vatican Radio

ത്രികാലപ്രാ൪ഥന നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശം നല്കുന്നതിനുമായി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലെ അരമന കെട്ടിടസമുച്ചയത്തിലെ പതിവു ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ കൈകളുയര്‍ത്തി വീശിയും ആരവം മുഴക്കിയും പാപ്പായെ എതിരേറ്റു.  മാതാപിതാക്കളുടെ കൈയിലിരുന്നുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങളും കൈവീശി പാപ്പായുടെ വരവില്‍ ആനന്ദം പ്രകടിപ്പിക്കുന്നതു കാണാമായിരുന്നു.   ചില്‍ഡ്രന്‍ ഓഫ് കാത്തൊലിക് ആക്ഷന്‍ എന്ന് ഇറ്റാലിയന്‍ സംഘടനയില്‍പ്പെട്ട 3000 ത്തോളം കുട്ടികളുള്‍പ്പെടെ 25000 ത്തോളം തീര്‍ഥാടകര്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍, എത്തിച്ചേര്‍ന്നിരുന്നു.   ഫ്രാന്‍സീസ് പാപ്പാ അങ്കണത്തിന്‍റെ എല്ലാഭാഗ ത്തേയ്ക്കും തന്‍റെ നോട്ടം തിരിച്ചുകൊണ്ട് മന്ദഹാസത്തോടെ കൈവീശിയശേഷം എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് ത്രികാലജപത്തിനു മുമ്പുള്ള സന്ദേശം ആരംഭിച്ചു.

വി. മത്തായിയുടെ സുവിശേഷം അഞ്ചാമധ്യായത്തില്‍നിന്നുള്ള അഷ്ടസൗഭാഗ്യങ്ങളുടെ വചനഭാഗം (മത്താ 5:1-12a) അടിസ്ഥാനമാക്കിയാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്. ഈ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ത്തിരിക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,

ഈ ഞായറാഴ്ചയിലെ ആരാധനക്രമം (മത്താ 5:1-12a), മലയിലെ പ്രസംഗത്തിന് തുടക്കം കുറിക്കുന്ന, പുതിയ നിയമത്തിന്‍റെ മാഗ്നാ കാര്‍ട്ടാ എന്നു വിളിക്കപ്പെടുന്ന, സുവിശേഷഭാഗ്യങ്ങളുടെ ധ്യാനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. മനുഷ്യനെ ആനന്ദത്തിലേക്കു നയിക്കുന്നതിനുള്ള ദൈവഹിതം യേശു ഇവിടെ വെളിപ്പെടുത്തുന്നു.  ഈ സന്ദേശം, പ്രവാചകന്മാരുടെ പ്രഭാഷണങ്ങളില്‍ പണ്ടേ ഉണ്ടായിരുന്നതാണ്.  ദൈവം പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സമീപസ്ഥനാണ്. അവരെ പീഡിപ്പിക്കുന്ന അനേകരില്‍നിന്നും ദൈവം അവരെ സ്വതന്ത്രമാക്കും. എന്നാല്‍ ഈ പ്രഭാഷണങ്ങളെ യേശു ഒരു പ്രത്യേക രീതിയിലാണ് അവതരിപ്പിക്കുന്നത്.  അത് 'ആനന്ദിക്കുന്നവര്‍', എന്നര്‍ഥംവരുന്ന 'ഭാഗ്യമുള്ളവര്‍' എന്ന വാക്കുകളോടെ ആരംഭിച്ച്, അതിനുള്ള ഉപാധികളെ സൂചിപ്പിച്ച്, വാഗ്ദാനത്തിലവസാനിക്കുന്നു. ആനന്ദത്തിനുള്ള കാരണം - ആനന്ദം തന്നെയാണത്, അതിനു ഉപാധികള്‍ ആവശ്യമില്ല  - ഉദാഹരണമായി, ആത്മാവില്‍ ദരിദ്ര്യം, ഞെരുക്കങ്ങള്‍, നീതിയ്ക്കുവേണ്ടിയുള്ള വിശപ്പ്, പീഡനങ്ങള്‍... എന്നിവയാണ്. തുടര്‍ന്നുള്ള വാഗ്ദാനത്തില്‍, വിശ്വാസത്തോടു കൂടി സ്വീകരിക്കപ്പെടുന്നത് ദൈവത്തിന്‍റെ ദാനമാണ്. സുരക്ഷിത്വത്തിന്‍റേതല്ലാത്ത അവസ്ഥയില്‍നിന്ന് ആരംഭിച്ച് ദൈവത്തിന്‍റെ ദാനങ്ങളിലേക്ക്, പുതിയൊരു ലോകത്തിലേക്ക്, യേശു പ്രഘോഷിക്കുന്ന ''രാജ്യ''ത്തിലേക്കു തുറക്കുന്ന ഒന്നാണിവ. ആനന്ദത്തിന്‍റേത് യാന്ത്രികമായ ഒരു പ്രക്രിയയല്ല, മറിച്ച്, കര്‍ത്താവിനെ അനുഗമിക്കുന്നതിനുള്ള ഒരു പാതയാണ്; പ്രയാസങ്ങളും പീഡനങ്ങളുമെന്ന യാഥാര്‍ഥ്യങ്ങളെ പുതിയ വീക്ഷണകോണി ലൂടെ കാണേണ്ട, മാനസാന്തരംവരുന്നിടത്തോളം പരീക്ഷിക്കപ്പെടേണ്ട ഒരു പാതയാണ്.  നിങ്ങള്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ ഈ ഭാഗ്യാവസ്ഥയിലാകുകയില്ല, ദൈവത്തിന്‍റെ ദാനങ്ങള്‍ വിലമതിക്കാനോ ആസ്വദിക്കാനോ കഴിയുകയുമില്ല.

ആദ്യത്തെ സുവിശേഷഭാഗ്യത്തില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്: ''ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്'' (വാ 3).  ആത്മാവില്‍ ദരിദ്രരായവരുടെ വൈകാരിക, മനോഭാവങ്ങള്‍ ഒരിക്കലും എതിര്‍പ്പിന്‍റേതല്ല. എളിമയും വിധേയത്വവും, ഒപ്പം ദൈവത്തിന്‍റെ കൃപയ്ക്കു സംലഭ്യതയുമുള്ള ഒരുവനായിരിക്കുന്നതെങ്ങനെയെന്നുള്ള അറിവും അവര്‍ക്കുണ്ട്. ദരിദ്രരുടെ ആനന്ദത്തിന്, ആത്മാവില്‍ ദരിദ്രരുടെ ആനന്ദത്തിന് രണ്ടു മാനങ്ങളുണ്ട്. ഭൗതികമായതും ദൈവികമായതും.  ഭൗതികവസ്തുക്കളുടെ കാര്യത്തില്‍ അവര്‍ സമചിത്തതയുള്ളവരാണ്. അവര്‍ അത് തികച്ചും ഉപേക്ഷിക്കുകയല്ല. അതിന്‍റെ സത്തയെ രുചിക്കാനുള്ള, പങ്കുവയ്ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഒപ്പം, ഉപഭോഗതൃഷ്ണയെ മറയാക്കുന്നതിന് വിഭവങ്ങള്‍ക്കു വര്‍ധിച്ച മൂല്യം നല്‍കുന്ന രീതി ഉപേക്ഷിച്ച് ഈ ഭൗതികവിഭവങ്ങളെ അനുദിനവിസ്മയങ്ങളാക്കി നവീകരിക്കാനുള്ള കഴിവും അവര്‍ക്കു സ്വന്തമാണ്. 'എനിക്കൊത്തിരിയുണ്ട്,  എനിക്കിനിയും വേണം, എനിക്കൊരുപാടുണ്ട്, ഇനിയും വേണം', ഇത് അത്യാര്‍ത്തിയോടെ വിഭവങ്ങളെ ഉപയോഗിക്കുന്ന അവസ്ഥയാണ്.  അത് ആത്മാവിനെ കൊല്ലുന്നു.  ഈ മനോഭാവമുള്ള  പുരുഷനാകട്ടെ, സ്ത്രീയാകട്ടെ, ആനന്ദിക്കുന്നവരല്ല, ആനന്ദത്തിലേക്ക് അവര്‍ എത്തുകയുമില്ല. സ്രഷ്ടാവായ ദൈവപിതാവിന്‍റെ സ്നേഹത്തിലാണ് ലോകം അതിന്‍റെ ഉത്ഭവം കണ്ടെത്തിയതെന്നും അത് ഒരു അനുഗ്രഹമാണെന്നും തിരിച്ചറിയുന്നതാണ് ദൈവത്തെ സ്തുതിക്കുന്ന, അവിടുത്തെ അംഗീകരിക്കുന്ന പ്രവൃത്തി. അത് അവിടുത്തോടു തുറവിയുള്ളതും, അവിടുത്തെ കര്‍തൃത്വത്തിനു മുമ്പില്‍ വഴക്കമുള്ളതുമായ മനോഭാവം ആണ്.  ഞാന്‍ വലിയവനായിരിക്കുന്നത് എനിക്കൊരുപാടു സ്വന്തമായുള്ളതുകൊണ്ടല്ല, മറിച്ച് അവിടുന്ന് കര്‍ത്താവായിരിക്കുന്നതുകൊണ്ടാണ്, അവിടുന്ന് വലിയവനായിരിക്കുന്നതുകൊണ്ടാണ്. അവിടുന്ന് ആഗ്രഹിക്കുന്നത് ലോകം എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതായിരിക്കണമെന്നാണ്, എല്ലാവരും സന്തോഷമുള്ളവരായിരിക്കണമെന്നതാണ്.

ക്രിസ്ത്യാനി, ഭൗതികസമ്പത്തില്‍ ആശ്രയംവയ്ക്കാത്ത, ആത്മാവില്‍ ദരിദ്ര്യമുള്ള ഒരുവനാണ്. മറ്റുള്ളവരെ ആദരവോടെ ശ്രവിക്കുന്നവനാണ്, അവരുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങുന്നതിന് തന്നെത്തന്നെ അനുവദിക്കുന്നവനുമാണ്. ആത്മാവില്‍ ദരിദ്രരായവര്‍ കൂടുതല്‍ പേരുണ്ടായിരുന്നെങ്കില്‍  നമ്മുടെ സമൂഹങ്ങളില്‍ വിഭജനങ്ങളും വിയോജിപ്പും വിവാദങ്ങളും കുറവാകുമായിരുന്നു.  വിനയം സ്നേഹമെന്നപോലെ, ക്രൈസ്തവസമൂഹങ്ങളില്‍ ഒരുമിച്ചു ജീവിക്കുന്നതിനുവേണ്ട ഒരു അടിസ്ഥാ നപുണ്യമാണ്. ദരിദ്രര്‍, അതിന്‍റെ സുവിശേഷാര്‍ഥത്തില്‍ സ്വര്‍ഗരാജ്യമെന്ന ലക്ഷ്യമാക്കുന്നവരായി, അതിന്‍റെ മുന്നാസ്വാദനമായ സാഹോദര്യം നിറഞ്ഞുനില്‍ക്കുന്ന സമൂഹങ്ങളുടെ വിത്തായി, സ്വന്തമായവയെ പങ്കുവയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി ഇവിടെ കാണപ്പെടുന്നു.  ഇതാണ് ഞാന്‍ അടിവരയിട്ടു പറയാനാഗ്രഹിക്കുന്നത്:  സ്വന്തമായവ പങ്കുവെയ്ക്കുവിന്‍.  അടഞ്ഞ ഹൃദയ വും കരങ്ങളുമല്ല, തുറന്ന ഹൃദയവും കരങ്ങളുമുള്ളവരായിരിക്കുവിന്‍. ഹൃദയം അടഞ്ഞതാകു മ്പോള്‍, അത് സങ്കുചിതമാണ്, സ്നേഹിക്കേണ്ടതെങ്ങനെയെന്ന് അതിനറിയില്ല. എന്നാല്‍ ഹൃദയം തുറക്കപ്പെടുമ്പോള്‍, അത് സ്നേഹത്തിന്‍റെ പാതയിലൂടെ ചരിക്കും.

ആത്മാവില്‍ ദരിദ്രരായവരുടെ ആദ്യഫലവും മാതൃകയുമായ, ദൈവഹിതത്തിനു സംപൂര്‍ണമായി വിധേയപ്പെട്ട പരി. കന്യകാമറിയം, നമ്മെയും, കരുണാസമ്പന്നനായ, തന്‍റെ ദാനങ്ങളാല്‍ നമ്മെ നിറയ്ക്കുന്ന ദൈവത്തിനുമുമ്പില്‍, വളരെ പ്രത്യേകമായി അവിടുത്തെ അറുതിയില്ലാത്ത ക്ഷമയ്ക്കു മുമ്പില്‍, അടിയറവു വയ്ക്കാന്‍ നമ്മെ സഹായിക്കട്ടെ, എന്ന പ്രാര്‍ഥനാശംസയോടെ, പാപ്പാ ത്രികാല ജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

അതിനുശേഷം പാപ്പാ ഇന്നേദിനത്തിന്‍റെ പ്രത്യേകതകളനുസ്മരിച്ചുകൊണ്ട് തീര്‍ഥാടകരായി എത്തിയിരുന്ന പ്രത്യേക സംഘങ്ങ ളെയും ഗ്രൂപ്പുകളെയും അഭിവാദ്യം ചെയ്തു.

ജനുവരി 29, കുഷ്ഠരോഗികളെ അനുസ്മരിക്കുന്ന ആഗോളദിനമാണെന്നോര്‍മിപ്പിച്ചു.  ഈ രോഗം പിടിപെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നെങ്കിലും പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായവരെ ബാധിക്കുന്നുവെന്നത് ഭീതിജനകമാണ്.  ഈ രോഗത്തിനെതിരെ പൊരുതുക ആവശ്യമാണ്.  ഒപ്പം, ഇവര്‍ക്കെതിരെയുള്ള വിവേചനയ്ക്കെതിരെയും.  ഈ രോഗത്തില്‍ നിന്നുള്ള മോചനത്തിനും അവരുടെ പുനരധിവാസത്തിനുമായി പരിശ്രമം ചെയ്യുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.

തുടര്‍ന്ന് ഇറ്റലിയില്‍നിന്നും മറ്റു രാജ്യങ്ങളിലില്‍ നിന്നുമുള്ള വിവിധ ഇടവകകളില്‍നിന്നെത്തിയവരെ, പ്രത്യേകിച്ചു വിദ്യാര്‍ഥികളെയും യുവജനങ്ങളെയും വാത്സല്യത്തോടെ അഭിവാദ്യം ചെയ്തു.  കഠിനമായ കാലാവസ്ഥയുടെയും ഭൂകമ്പത്തിന്‍റെ തിക്തഫലങ്ങള്‍ തുടര്‍ന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന മധ്യ ഇറ്റലിയില്‍നിന്നുള്ള തീര്‍ഥാടകരെ പാപ്പാ തന്‍റെ പ്രാര്‍ഥനയും സാന്നിധ്യവും അറിയിച്ചു.  ഒപ്പം അവരോടുള്ള ഐക്യദാര്‍ഢ്യവും അവര്‍ക്കു നല്കുന്ന സഹായവും ഇനിയും തുടരുന്നതിന് എല്ലാവരോടും പാപ്പാ അപേക്ഷിച്ചു.  സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ താമസം വരുത്തരുതെന്നും പാപ്പാ പ്രത്യേകം ഓര്‍മിപ്പിച്ചു. 

ഇനി ഞാന്‍ നിങ്ങളുടെ നേരെ തിരിയുന്നു, എന്നു പറഞ്ഞുകൊണ്ട്, റോമിലെ കത്തോലിക്കാസ്കൂളു കളില്‍നിന്നും ഇടവകകളില്‍ നിന്നും എത്തിയിട്ടുള്ള ഇറ്റലിയിലെ ചില്‍ഡ്രന്‍ ഒഫ് കാത്തലിക് ആ ക്ഷന്‍ എന്ന സംഘടനയിലെ, ഏതാണ്ടു മൂവായിരത്തോളം വരുന്ന കുട്ടികളെ പ്രത്യേകമായി അഭി വാദ്യം ചെയ്തു. സമാധാനസഞ്ചാരികള്‍ എന്ന മുദ്രാവാക്യവുമായി എത്തിയ അവരെ പ്രത്യേക മായി അനുമോദിക്കുകയും അവരുടെ സാമീപ്യത്തിനും സമാധാനത്തിനുവേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു.  പാപ്പായുടെ സമീപത്തെത്തിയിരുന്ന അവരിലെ രണ്ടുപേരോട് പാപ്പാ അവര്‍ക്കുള്ള സന്ദേശം വായിക്കുന്നതിന് പാപ്പാ ആവശ്യപ്പെട്ടു. സന്ദേശം വായിക്കപ്പെട്ടു. തുടര്‍ന്ന് സമാധാനസന്ദേശവുമായി ബലൂണുകള്‍ ആകാശത്തേയ്ക്കുയര്‍ന്നു.

എല്ലാവര്‍ക്കും നല്ല ഞായറാഴ്ച നേര്‍ന്ന പാപ്പാ, സമാധാനവും വിനയവും പങ്കുവയ്ക്കലും കുടുംബങ്ങളില്‍ ഉണ്ടാകട്ടെ എന്നും ആശംസിച്ചു.  തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ എന്ന പതിവ് അപേക്ഷയോടെ നല്ല ഉച്ചവിരുന്നാശംസിച്ചുകൊണ്ട് പാപ്പാ പിന്നെക്കാണാം എന്നു പറഞ്ഞു ത്രികാലപരിപാടിക്കു സമാപനം കുറിച്ചു.
NEWS & EVENTS