News >> വിശ്വാസവും വിവാഹജീവിതവും


Source: Vatican Radio

വൈവാഹിക കുടുംബജീവിതങ്ങളെ സംബന്ധിച്ച ദൈവികപദ്ധതിക്കനുസൃതം അവയെ ദര്‍ശിക്കുന്നതിന് ഉചിതമായ പരിശീലനം യുവതീയുവാക്കള്‍ക്ക് നല്കണമെന്ന് മാര്‍പ്പാപ്പാ.

അപ്പസ്തോലിക കോടതിയായ റോത്തെ റൊമാനെ (ROTAE ROMANAE) യുടെ കോടതിവര്‍ഷോദ്ഘാടനത്തോടനുബന്ധിച്ച് ഈ കോടതിയുടെ ചുമതലവഹിക്കുന്നവരും കോടതിജീവനക്കാരുമുള്‍പ്പടെയുള്ളവരെ ശനിയാഴ്ച(21/01/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിവാഹാനന്തരവും വിശ്വാസത്തിലും സഭയിലും ജീവിതം തുടരാന്‍ നവദമ്പതികളെ സഹായിക്കേണ്ടതിന്‍റെ അനിവാര്യതയും, വിശ്വാസവും വിവാഹജീവിതവും തമ്മിലുള്ള ബന്ധത്തിന് ഊന്നല്‍ നല്കിയ തന്‍റെ പ്രഭാഷണത്തില്‍ പാപ്പ എടുത്തുകാട്ടി.

ദൈവത്തെക്കുറിച്ചുള്ള സത്യത്തിന് മനുഷ്യന്‍ സ്വയം തുറന്നുകൊടുത്താല്‍ മാത്രമെ, മനുഷ്യനെ സംബന്ധിച്ച സത്യം മനസ്സിലാക്കാനും വൈവാഹിക-കുടുംബജിവിതങ്ങളുള്‍പ്പെടെയുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ സാക്ഷാത്ക്കരിക്കാനും സാധിക്കുകയുള്ളുവെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ പാപ്പാ അനുസ്മരിച്ചു.

വിശ്വാസവീക്ഷണത്തില്‍ നിന്ന് മനുഷ്യന്‍ എത്രമാത്രം അകലുന്നുവൊ അതിനാനുപാതികമായി പരാജയത്തില്‍ നിപതിക്കുകയും വോദപുസ്തകത്തില്‍ പറയുന്ന "ഭോഷ"ന്‍റെ അവസ്ഥയിലാകുകയും ചെയ്യുന്ന അപകടമുണ്ടെന്ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍മാര്‍പ്പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ മുന്നറിയിപ്പുനല്കി.

സത്യവും സ്നേഹവും തമ്മിലുള്ള ബന്ധം ആഴത്തില്‍ മനസ്സിലാക്കേണ്ടതിന്‍റെ  അനിവാര്യതയും ചൂണ്ടിക്കാട്ടിയ പാപ്പാ യഥാര്‍ത്ഥ സ്നേഹം മനുഷ്യവ്യക്തിയുടെ എല്ലാ ഘടകങ്ങളെയും ഒന്നിപ്പിക്കുകയും മഹത്തായതും പൂര്‍ണ്ണവുമായ ഒരു ജീവിതത്തിലേക്കുള്ള പുതിയ വെളിച്ചമായി പരിണമിക്കുകയും ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിച്ചു.

ക്രിസ്തീയവിവാഹജീവിതത്തിനണയുന്നവരുടെ വിശ്വാസജീവിതാനുഭവാവസ്ഥയിലുള്ള വൈവിധ്യത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

ചിലര്‍ ഇടവക ജീവിതത്തില്‍ സജീവപങ്കാളികളാണെങ്കില്‍ മറ്റു ചിലര്‍ ആദ്യമായിട്ടായിരിക്കും വിശ്വാസജീവിതത്തിലേക്കു വരുന്നതെന്നും ചിലര്‍ തീക്ഷണമായ പ്രാര്‍ത്ഥനാജിവിതത്തിനുടമകളായിരിക്കുമെന്നും, ചിലരാകട്ടെ പൊതുവായൊരു മതാത്മകതയാല്‍ നയിക്കപ്പെടന്നവരായിരിക്കുമെന്നും ചിലപ്പോള്‍ അവര്‍ വിശ്വാസത്തില്‍ നിന്ന് ഏറെ അകലെനില്ക്കുന്നവരോ വിശ്വാസമില്ലാത്തവരോ ആയിരിക്കുമെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ സന്തോഷസൗഷ്ഠവങ്ങളും അനുഗ്രഹവും ഉള്‍ക്കൊള്ളാനും രുചിച്ചറിയാനും വിവാഹാര്‍ത്ഥികളെ സഹായിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.