News >> ഇറാക്കിലെ ദൈവാലയങ്ങളിൽ വിശ്വാസികളുടെ കണ്ണീർ പ്രാർത്ഥന

Source: Sunday Shalom


കൊടും ക്രൂരതയുടെ പര്യായമായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നും മോസൂൾ പിടിച്ചെടുക്കാനുള്ള അവസാനശ്രമത്തിലാണ് ഇറാക്ക് സൈനികർ. മോസൂളിന്റെ പ്രാന്തപ്രദേശങ്ങൾ പലതും തിരികെപ്പിടിച്ചതോടെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്ത് രണ്ടുവർഷത്തോളം അഭായാർത്ഥിക്യാമ്പുകളിൽ ദുരിതജീവിതം നയിച്ചവർ സ്വന്തം ദേശത്തേക്ക് ആശ്വാസത്തോടെ മടങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാൽ അവരുടെ ദൈവാലയങ്ങളും വീടുകളും ചാമ്പലായിരിക്കുകയാണ്. അവശേഷിക്കുന്നവ നിലംപൊത്താനുള്ള ഒരുക്കത്തിലാണ്.

മരണവും നാശവും മാത്രം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നുമോചിപ്പിച്ച സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ വിശ്വാസികൾ മരക്കുരിശ് ഉയർത്തിനിൽക്കുന്ന ചിത്രവും വീഡിയോയും കണ്ട് ലോകമെങ്ങുമുള്ള ജനം ആശ്വാസപൂർവ്വം കണ്ണീരൊഴുക്കുന്നു.

2015 ഫെബ്രുവരിയിൽ 21 ഈജിപ്ഷ്യൻ ക്രൈസ്തവരെ കഴുത്തറത്തു കൊന്നുകൊണ്ട് ഐ.എസ്. ഭീകരർ ക്രൈസ്തവർക്കെതിരെ തിരിഞ്ഞത്. കുരിശിന്റെ ആളുകൾ എന്നാണ് ഐ.എസ് ക്രൈസ്തവരെ വിശേഷിപ്പിക്കുന്നത്. കുരിശിനോടും കുരിശിന്റെ ജനതയോടും എന്തെന്നില്ലാത്ത വിരോധത്തോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പെരുമാറിയത്. മോസൂൾ നഗരം പിടിച്ചെടുത്ത് രണ്ടാഴ്ചക്കുള്ളിൽ അവിടെയുണ്ടായിരുന്ന ദൈവാലയങ്ങളിലെ എല്ലാ കുരിശുകളും തകർത്തത് അവരുടെ ഈ വിദ്വേഷം തെളിയിക്കുന്നതാണ്. ക്രൈസ്തവരുടെ ഭവനങ്ങൾ തെരഞ്ഞുപിടിച്ച് അവിടെ ഉണ്ടായിരുന്ന കുരിശുകളും മതചിഹനങ്ങളും അവർ നശിപ്പിക്കുകയും ചെയ്തു.

എന്നാൽ, കുരിശിനെ ഇല്ലാതാക്കാൻ ഒരാൾക്കും കഴിയില്ല എന്ന ചരിത്രപാഠം വീണ്ടും എഴുതപ്പെടുകയാണ് ഇറാക്കിലെ മോസൂളിൽ. നശിപ്പിക്കപ്പെട്ട കുരിശുകൾ ഒന്നൊന്നായി ഇവിടെ ഉയർത്തെഴുന്നേറ്റുതുടങ്ങിയിരിക്കുന്നു. ഇറാക്കിലെ ക്രൈസ്തവ നഗരമായ ക്വേറാഘോഷിലെ അൽ താഹിറ ദൈവാലയത്തിൽ രണ്ടുവൈദികരും ഇറാക്കി സൈനികരും ചേർന്ന് മരക്കുരിശ് ഉയർത്തുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏഴ് നൂറ്റാണ്ട് പഴക്കമുണ്ട് ഈ ദൈവാലയത്തിന്. 2014 ൽ ഭീകരർ ദൈവാലയം പിടിച്ചെടുത്ത് മാതാവിന്റെ തിരുസ്വരൂപം നശിപ്പിച്ചു. ദൈവാലയം തീയിട്ടു. എന്നാൽ അവരുടെ വിശ്വാസത്തെ തെല്ലും നശിപ്പിക്കാനായില്ല. വർഷങ്ങൾക്കുശേഷം അവിടെ ഉണ്ടായിരുന്നവരും അക്രമങ്ങളെ അതിജീവിച്ചവരുമായ അരലക്ഷം ക്രൈസ്തവർ പ്രത്യാശയുടെ നിഴലിലാണ്. തിരികെ ജന്മദേശത്തേക്ക് ദൈവം തങ്ങളെ തിരിച്ച് നടുമെന്നോർത്ത് അവർ സന്തോഷിക്കുന്നു.

ഞങ്ങളുടെ ദൈവാലയത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്ന് അവിടെ കുരിശ് സ്ഥാപിച്ച വൈദികരിലൊരാളായ ഫാ. അമർ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും എല്ലാം തകർക്കപ്പെട്ട തങ്ങളുടെ നഗരം കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസൂളിലെ മറ്റൊരു നഗരമായ ബാർട്ടെല്ലയിലും സമാനമായ മടങ്ങിവരവ് അരങ്ങേറുന്നു. അവിടെയും നശിപ്പിക്കപ്പെട്ട ദൈവാലയങ്ങളിൽ കുരിശുകൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. രണ്ടുവർഷത്തിനുശേഷം ഇറാക്കിൽ വീണ്ടും ദേവാലയമണികൾ മുഴങ്ങിത്തുടങ്ങി.