News >> ക്രിസ്മസിനെക്കുറിച്ച് അറിയേണ്ടതെല്ലാമുണ്ട് ബിഷപ് മാർ പൊരുന്നേടത്തിന്റെ പുസ്തകത്തിൽ

Source: Sunday Shalom


മാനന്തവാടി: ആഗോളവൽക്കരണത്തിന്റെ കുത്തൊഴുക്കിൽ വിശ്വാസത്തിന്റെയും ആചരണത്തിന്റെയും ആഘോഷങ്ങളുടെയും അർത്ഥതലങ്ങൾ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകരക്ഷകനായി പിറവിയെടുത്ത യേശുക്രിസ്തുവിന്റെ ജനനതിരുനാളായ ക്രിസ്തുമസ് പോലും അന്യവത്ക്കരിക്കപ്പെടുകയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പലപ്പോഴായി എഴുതിയ സന്ദേശങ്ങളുടെ സമാഹാരമാണ് ക്രിസ്തുമസ് അറിവുകൾക്കുമപ്പുറം എന്ന പുസ്തകം.

ക്രിസ്തുമസ് കഥാപാത്രങ്ങളും പ്രതീകങ്ങളും തുടങ്ങി ക്രിസ്തുമസ് ട്രീ, ക്രിസ്തുമസിന്റെ പ്രസക്തി, പുൽക്കൂട്, നക്ഷത്രവിളക്ക്, ക്രിസ്തുമസ് പാപ്പ, കരോൾ, ക്രിസ്തുമസ് കേക്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ വിവരിക്കുന്നു. ക്ര്ിസ്തുമസ് ആഘോഷത്തിന്റെ ചരിത്രം, കാലിത്തൊഴുത്തിന്റെ മഹത്വം, ആട്ടിടയന്മാരുടെ മാഹാത്മ്യം തുടങ്ങിയവയുടെ ആന്തരികാർത്ഥം പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ക്രിസ്തുമസ് ആഘോഷത്തിൽ യേശുക്രിസ്തുവിനുള്ള പ്രാധാന്യം കഴിഞ്ഞാൽ അടുത്ത വ്യക്തി പരിശുദ്ധ കന്യകാമറിയമാണെന്നും മാർ പൊരുന്നേടം ഓർമിപ്പിക്കുന്നു.

ക്രിസ്തുമസ് കാർഡുകളെക്കുറിച്ചുള്ള വിവരണവും ശ്രദ്ധേയമാണ്. വഴികാട്ടികളായ നക്ഷത്രങ്ങളെയും ശെമയോനെയും അന്നായെയുമെല്ലാം വായനാവഴിയിൽ നാം കണ്ടുമുട്ടുന്നു. സമാധാനത്തിന്റെ തിരുനാളായ യേശുവിന്റെ ജനനത്തിരുനാളിലൂടെ നാം ആർജ്ജിച്ചെടുക്കേണ്ടതാണ് സമാധാനമെന്നും യേശുവിനെ അനുകരിക്കുന്നവർക്കു മാത്രമേ ക്രിസ്തുമസ് വാഗ്ദാനം ചെയ്യുന്ന സമാധാന വാഹകരാകുവാൻ കഴിയൂ എന്നും ബിഷപ് ഓർമിപ്പിക്കുന്നു.

ഇന്നത്തെ ക്രിസ്തുമസ് ആഘോഷങ്ങളിൽ കടന്നുകൂടിയിട്ടുള്ള കമ്പോള വൽക്കരണത്തിന്റെ അലയടികളിൽ മാറ്റം വേണമെന്നും പുസ്തകത്തിലൂടെ മാർ പൊരുന്നേടം ഓർമ്മപ്പെടുത്തുന്നു.